തിരുവനന്തപുരം: പുനർജനിക്കേസിൽ സർക്കാരിനെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനും സിപിഎമ്മിനും തന്നെ സിബിഐയെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാനാണ് ആഗ്രഹമെങ്കിൽ അത് നടക്കട്ടെയെന്നും സതീശൻ പറഞ്ഞു.
ബത്തേരിയിൽ നടന്ന കോൺഗ്രസിന്റെ ലക്ഷ്യ ക്യാമ്പിന്റെ സമാപനത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. പുനർജനി പദ്ധതിക്ക് സ്വന്തമായി അക്കൗണ്ടോ ഫണ്ടോ ഇല്ലെന്നും സഹായം നൽകുന്നവർ നേരിട്ട് ഗുണഭോക്താക്കൾക്കാണ് അത് കൈമാറിയതെന്നും സതീശൻ പറഞ്ഞു.
പദ്ധതിയിൽ ഒരു രൂപ പോലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. വിദേശ സഹായ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ ഇടപെടേണ്ടതായിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം.
ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് നാല് തവണ അന്വേഷണം നടന്നതാണെന്നും എഫ്സിആർഎ ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.